സ്വര്‍ണവിലയില്‍ ഇടിവ്: പവന് വില 280 രൂപ കുറഞ്ഞ് 71,520 രൂപ
കൊച്ചി: വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. 71,520 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് ഇടയ്ക്ക് സ്വര്‍ണവില ഇടിയാന്‍ കാരണമായത്.